പിഞ്ചു കുട്ടികളടക്കം 29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് അപകടം നടന്നിട്ട് ഇന്നേക്ക് 22 വര്‍ഷം. കായല്‍പ്പരപ്പിലെ കണ്ണീരോര്‍മകള്‍ ഇന്നും ജനമനസ്സില്‍ തളം കെട്ടികിടക്കുകയാണ്. 2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ആഴം അത്രമാത്രം വലുതായിരുന്നു. മുഹമ്മയില്‍ നിന്ന് രാവിലെ 5.45-ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കേയാണ് അപകടം സംഭവിച്ചത്. 9 മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 പേരുടെ ജീവന്‍ കായലിന്റെ ആഴങ്ങളില്‍ പൊലിഞ്ഞു.
പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.
ബോട്ടില്‍ ഉണ്ടായിരുന്ന ഭൂരിപക്ഷം പേരെയും രക്ഷിക്കാനായി. അന്ന് കുമരകംകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനു ലഭിച്ചതാണു ബോട്ട് ദുരന്ത സ്മാരക മന്ദിരം.
അപകടത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കായി 91.6 ലക്ഷം രൂപ ധനസഹായം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഒരുലക്ഷം രൂപ വീതമാണ് ഇതുവരെ നല്‍കപ്പെട്ടത്. നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ചും അപകടകാരണം സംബന്ധിച്ചും കേസുകള്‍ ഇപ്പോഴും തുടരുന്നു. അപകടത്തിനു കാരണമായ ബോട്ട് രണ്ടു കൊല്ലം മുന്‍പ് ജലഗതാഗത വകുപ്പ് ലേലം ചെയ്തു.