Newsperseconds.com

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം; വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

Capture

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് തിരിക്കും. ഒരു എംഐ 17, എഎല്‍എച്ച് ഹെലിക്കോപ്റ്ററുകള്‍ രാവിലെ വയനാട്ടിലെത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാല്‍ അപകടം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.

അതേ സമയം, കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പൊലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഉരുള്‍പൊട്ടലിന്റെയും മഴക്കെടുതിയുടേയും സാഹചര്യത്തില്‍ വയനാട്ടിലെ മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മേപ്പാടി, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി.

Share this Article

Leave a Comment