മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പാണക്കാട് എത്തി. മലപ്പുറം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം ശക്തമായ സാഹചര്യത്തിലാണ് യോഗം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരുവില്‍ എത്തിയതില്‍ മുസ്ലീം ലീഗിന് അമര്‍ഷമുണ്ട്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാണക്കാടെത്തിയ സതീശന്‍ ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയാണ്.
മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത് ഇടഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക ലീഗിനുണ്ട്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നാണ് ലീഗിന്റെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നേരിട്ട് ചര്‍ച്ചയ്ക്ക് എത്തിയത്.