വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വലിയ ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. വയനാടിനായി എല്ലാവരും കൈകോര്‍ക്കണം. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കും. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടില്‍ നടന്നത് ദാരുണമായ സഹിക്കാനാവാത്ത ദുരന്തമാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. എത്ര സംഭാവനകള്‍ ചെയ്താലും തികയാതെ വരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.