വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ തന്നാലാകുന്ന കരുതല്‍ നല്‍കുകയാണ് സുബൈദ. കരളലിയിക്കുന്ന കാഴ്ചകളാണ് വയനാട്ടില്‍ നിന്ന് കാണുന്നത്. തന്നെകൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി കൊല്ലം ജില്ലാകളക്ടറിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എയുടെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. രണ്ട് തവണ സുബൈദ പണം നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന 17,000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി കലക്ടര്‍ക്ക് കൈമാറി.