വയനാട്: വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നാലം ദിവസവും തുടരും. ഇനിയും മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ഇതുവരെ മരണനിരക്ക് 297 ആയി. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക.
206 പേരെ കാണാനില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരെ കാണാന്‍ ഇല്ലെന്ന് വിവരം ലഭിക്കുന്നുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കോസ്റ്റ് ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നു മുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. തമിഴ്‌നാട്ടില്‍ നിന്നുളള ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തും. നാല് കഡാവര്‍ നായകളെ കൂടിയാണ് എത്തിക്കുന്നത്.
അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. 25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക.