വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അതിജീവിച്ചവരുടെ മാനസികാഘാതം വളരെ വലുതാണ്. കൈവിരല്‍ തുമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവര്‍, സഹോദരങ്ങളുടേയും മാതാപിതാക്കളുടേയും മരണം കണ്‍മുന്നില്‍ കണ്ടിട്ടും രക്ഷിക്കാനാവാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നവര്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍. അതിജീവനത്തിന്റെ പാതയിലേക്ക് അവരെ നയിക്കുന്നതിന് മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് വളരെ അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിനായി ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന ്എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങള്‍ ഈ ടീം ഉറപ്പാക്കുന്നു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗര്‍ഭിണികളുടെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ട്.