കണ്ണൂര്‍: മുന്‍ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്. പൊതുപ്രവര്‍ത്തന രംഗത്തേക്ക് നികേഷ് കുമാര്‍ കൂടുതല്‍ സജീവമാകുന്നതിന്റെ ചുവടുവെപ്പാണിത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നികേഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയോട് പരാജയപ്പെട്ടുകയായിരുന്നു. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെ മകനാണ് എം വി നികേഷ് കുമാര്‍.
1996ല്‍ ഏഷ്യാനെറ്റില്‍ വാര്‍ത്താ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 2003-ല്‍ ഇന്ത്യാവിഷനിലേക്ക് നീങ്ങി, 2011 മേയ് 13-ന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറിനൊപ്പം റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആരംഭിച്ചു. സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികളുടെ അവതാരകന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറാണ്.