Newsperseconds.com

30 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ്; ‘ശൈലി 2.0’ ക്ക് തുടക്കമായി

Capture

ആലപ്പുഴ: ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താനും അവയെ വരുതിയിലാക്കാനും ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന, ശൈലി 2.0-ന് തുടക്കമായി. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുന്നത്. വിശദമായി തയ്യാറാക്കിയ ചോദ്യാവലിയുമായി ആശാ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സര്‍വേക്ക് വിധേയരാകുന്നവര്‍ പ്രദേശത്തെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക പരിശോധനകളും തുടര്‍ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.

സര്‍വ്വേയില്‍ നിന്നും കണ്ടെത്തുന്ന ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ വിദഗ്ധ ചികിത്സ വേണ്ട രോഗങ്ങള്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ചികിത്സ ലഭ്യമാക്കും. മറ്റ് ജീവിതശൈലി രോഗമുള്ളവരെ അതാത് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അയക്കും. 2023-ല്‍ ആലപ്പുഴ ജില്ലയില്‍ 30 വയസ്സിന് മുകളിലുള്ള 10,23,995 പേരിലാണ് ശൈലി ആരോഗ്യ സര്‍വേ നടത്തിയത്. ഇതില്‍ പുതുതായി 93,393 (09%) പേരില്‍ രക്തസമ്മര്‍ദ്ദവും 5797 പേരില്‍ പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. 19,2911 (19%) പേര്‍ രക്തസമ്മര്‍ദ്ദത്തിനും 14,1073 (14%) പ്രമേഹത്തിനും 6166 പേര്‍ ക്യാന്‍സറിനും ചികിത്സയില്‍ ഉള്ളതായും കണ്ടെത്തി.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വനിതശിശു വികസനം, കുടുംബശ്രീ, സാമൂഹിക നീതി, പട്ടികജാതി പട്ടികവര്‍ഗം, പൊതു വിദ്യാഭ്യാസം, നവകേരള മിഷന്‍, സാക്ഷരത മിഷന്‍, ഐ.പി.ആര്‍.ഡി. തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു.

Share this Article

Leave a Comment