വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 16 പേരുടെ സംസ്‌കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥന നടത്തിയാണ് മരണപ്പെട്ടവരെ യാത്രയാക്കിയത്. മനുഷ്യനാണ് നാം ഏവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടെയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നത്. കരളലിയക്കുന്ന രംഗത്തിന് വയനാട് സാക്ഷ്യം വഹിച്ചതോടെ കണ്ണീര്‍ പേമാരി പെയ്തിറങ്ങി.
9 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത് .വിവിധ ഘട്ടങ്ങളിലായി ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്‌കാരം നടത്തുന്നത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു. സര്‍വ്വമത പ്രാര്‍ത്ഥനയോടെ വിങ്ങിപ്പൊട്ടുന്ന കാഴ്ച്ചക്കാണ് വയനാട് സാക്ഷ്യം വഹിച്ചത്. ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട സജ്ജീകരണങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സംസ്‌കാരം നടത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സജീവമായി സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.