കൊച്ചി: സംസ്ഥാന വ്യാപകമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ പുറത്തുവന്നത് കോടികളുടെ വന്‍തട്ടിപ്പ്. ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരില്‍ നടത്തിയ പരിശോധന വീടുകളിലും സ്ഥാപനങ്ങളിലുമാണ് നടത്തിയത്. സംസ്ഥാനത്താകെ 35 ഓളം കേന്ദ്രങ്ങളിലാണ് അന്വേഷണം. രജിസ്ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയത്. നേരത്തതന്നെ ഇത് സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പരിശോധന.
കഴിഞ്ഞ കുറച്ചു മാസമായി ഈ സ്ഥാപനങ്ങളേയും വ്യക്തികളേയും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു. കോടികളുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്താന്‍ കഴിഞ്ഞത്. പരിശോധനയില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പലരും വരുമാനം കുറച്ചുകാണിക്കുന്നതായും പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് , എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.