Newsperseconds.com

അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്ഫോടന ശബ്ദം കേട്ടത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍; പ്രകമ്പനമാകാമെന്ന് ഏജന്‍സികള്‍; എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി

Capture

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്ന് ഭൂമിക്കടിയില്‍ സ്ഫോടന ശബ്ദം കേട്ടത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്‌ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. എന്നാല്‍ ഭൂകമ്പമാപിനിയില്‍ ഇതുവരെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍ അറിയിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത് ഭൂചലനമല്ലെന്നും പ്രകമ്പനമാകാമെന്നുമാണ് മറ്റു ഏജന്‍സികള്‍ നല്‍കുന്ന സ്ഥിരീകരണം. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഭൂകമ്പമല്ല, പ്രകമ്പനമാണെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കുന്ന സ്ഥിരീകരണം. മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം അപ്പുറമാണ് പ്രകമ്പനം ഉണ്ടായത്.

വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്. ജനല്‍ചില്ലകളില്‍ തരിപ്പ് ഉണ്ടായതോടെ ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. മാറി നില്‍ക്കാന്‍ നിര്‍ദേശം വരികയാണെങ്കില്‍ ചെയ്യുമെന്ന് വാര്‍ഡ് മെമ്പര്‍ ഷമീര്‍ പറഞ്ഞു. എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി നല്‍കി. ഇതിനിടെ വയനാട് പൊഴുതന മേഖലയില്‍ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകള്‍ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം അറിയിച്ചു. നിലവില്‍ ഭൂകമ്പ രേഖകള്‍ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങള്‍ക്ക് എന്തെങ്കിലും ഇന്‍പുട്ടുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു.

Share this Article

Leave a Comment