മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സര്‍ക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റില്‍ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്.

ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ചൂരല്‍മല നടന്നു കണ്ടും ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചും ആശ്വസിപ്പിച്ചുമാണ് പ്രധാനമന്ത്രി മടങ്ങിയത്. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, 45 വര്‍ഷം മുന്‍പ് ഗുജറാത്തിലുണ്ടായ അണക്കെട്ട് ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ചു. അന്ന് 29-ാമത്തെ വയസില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതും മോദി ഓര്‍ത്തെടുത്തു. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു ഗുജറാത്തിലേതെന്നും 1800 മുതല്‍ 25,000 ജനങ്ങള്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായെന്നും മോദി പറഞ്ഞു.

ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.