Newsperseconds.com

കേരളീയം വരും കാലം ഇനിയും വിപുലമായി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Untitled design (1)

കേരളീയം വരും കാലം ഇനിയും വിപുലമായി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കി. കേരളീയം ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തിയെന്നും കേരളീയത്തിന്റെ സമാപന പരിപാടിയിൽ മുഖ്യമന്ത്രി പറ‍ഞ്ഞു.

വിമർശിച്ചവരൊക്കെ കേരളീയത്തിൽ അണിനിരന്ന കാഴ്ചകൾ കണ്ടുകണ്ണു തള്ളി. നമ്മുടെ നാട് ഇത്തരത്തിൽ അവതരിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് വിമർശനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയത്തിലൂടെ നിക്ഷേപിച്ചത്. ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ ഇനിയും വരും.

കാലാവസ്ഥ പോലും കണക്കാക്കാതെ നിരവധി ജനങ്ങൾ കേരളീയത്തിൽ പങ്ക് കൊണ്ടു. കേരളീയം വൻ വിജയമാക്കിയത് ജനങ്ങളാണ്. കേരളത്തിന്റെ ഒരുമയും ഐക്യവും ഒരിക്കൽ കൂടി തെളിഞ്ഞു.

ചുരുങ്ങിയ ദിവസംകൊണ്ടു എന്തിനു പരിപാടി നടത്തുന്നുവെന്ന് ഗവേഷണം ചെയ്യാൻ പോയവരുണ്ട്. അവർക്കുള്ള മറുപടിയായിരുന്നു ജന പങ്കാളിത്തം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കുന്ന എണ്ണപ്പെട്ട പരിപാടിയായി കേരളീയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖലയിൽ അചഞ്ചലമായ വിശ്വാസം ജനങ്ങൾക്കുണ്ടെന്നും അത്
തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ – മതനിരപേക്ഷ മൂല്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തി പിടിക്കും.
വിദ്യാർത്ഥികൾക്ക് വസ്തു നിഷ്ഠമായ ചരിത്ര ബോധം നൽകും. NCERT ഒഴിവാക്കിയ ചരിത്ര ഭാഗങ്ങൾ കേരളം ഉൾപ്പെടുത്തിക്കൊണ്ട് ഭരണഘടന അവബോധമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം തുടരുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പല കാര്യങ്ങളിലും കേന്ദ്ര സർക്കാർ ന്യായമായ വിഹിതം സർക്കാരിന് അനുവദിക്കണം. കേരളത്തിലെ റബർ കർഷകരോട് കേന്ദ്രം വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ പലസ്തീൻ ജനങ്ങൾ അനുഭവിക്കുന്ന ജീവിതം വിഷമം ഉണ്ടാക്കുന്നുവെന്നും അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണെന്നും പലസ്തീൻ ജനങ്ങളോടുള്ള ഐക്യദാർഢ്യം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share this Article

Leave a Comment