തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശം നല്‍കി. തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും തെക്കന്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.