കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ നാളെ സൂചനസമരത്തിലേക്ക്. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പൈട്ട് നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുമാണ് സമരത്തിനിറങ്ങുന്നത്.
കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. യുവഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അതേ സമയം, പശ്ചിമബംഗാളില്‍ ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷമുണ്ടായി. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകര്‍ത്തു. പോലീസിനു നേരെയും അക്രമണമുണ്ടായി.