പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി പുലര്‍ച്ചെ അഞ്ച് മണിക്ക് ശബരിമല ക്ഷേത്ര നട തുറന്നു. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകള്‍ തുടങ്ങി. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നില്‍ നെയ് വിളക്കുകള്‍ തെളിയിച്ചു. 21 വരെ പൂജകള്‍ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ചിങ്ങപ്പുലരിയില്‍ ഐശ്വര്യ വര്‍ധനവിനും ചൈതന്യ വര്‍ധനവിനുമായി അയ്യപ്പ സന്നിധിയില്‍ ലക്ഷാര്‍ച്ചന നടക്കും. ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളില്‍ പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കും. 21ന് രാത്രി പത്തിന് ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടക്കും.
ഗുരുവായൂരിലും ചിങ്ങപ്പുലരിയില്‍ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.