കൊച്ചി: പെരുമ്പാവൂരില്‍ നാളെ വ്യാപാരികളുടെ ഹര്‍ത്താല്‍. എഎം റോഡിലെ പെറ്റല്‍സ് കളക്ഷന്‍സിലെ മാനേജര്‍ സജിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം അനാവശ്യവും അശാസ്ത്രീയവുമായ രീതിയില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയും, മാനസിക പീഡനവും ആണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി ഐക്യവേദി നാളെ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തത്.നാളെ രാവിലെ 10 ന് ജിഎസ്ടി ഓഫിസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്‍ അറിയിച്ചു.
ഈ മാസം 14 നാണ് സജിത്തിന്റെ സ്ഥാപനത്തില്‍ പരിശോധന നടന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയും പിന്നീട് ആലുവ പാലസില്‍ രാത്രി 12 വരെയും ഇയാളെ ചോദ്യം ചെയ്തു. ഏഴ് ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.