Newsperseconds.com

ചലച്ചിത്രമേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം; മുഖ്യമന്ത്രി

Untitled 1 Recovered

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയില്‍ ആദ്യമായി സമിതിയെ നിയോഗിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഈ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.അടിയന്തരസ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം കാണേണ്ടതുമായ പ്രശ്നങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് പൊതുമാര്‍ഗ്ഗ രേഖകൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയില്‍ ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാര്‍ശ വനിതകള്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക്പ്രോല്‍സാഹനം നല്‍കണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സര്‍ക്കാര്‍ അതില്‍ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. പ്രതിവര്‍ഷം വനിതകളുടെ വിഭാഗത്തില്‍ രണ്ടും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ടും സിനിമകള്‍ക്ക് പരമാവധി ഒന്നരകോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാല് സിനിമകള്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകള്‍ നിര്‍മ്മിക്കുന്ന മറ്റ് ചലചിത്രങ്ങള്‍ നിര്‍മ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സര്‍ക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനില്‍പോലും ഈ നേട്ടം ചര്‍ച്ചയായത് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മറ്റിയുടെ ശുപാര്‍ശകളിലൊന്ന് സിനിമാ, ടെലിവിഷന്‍, സീരിയല്‍ രംഗത്തെ തര്‍ക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യല്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവര്‍ഷം ഗണ്യമായ ആവര്‍ത്തന ചെിലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാല്‍ കേരള സിനി എപ്ലോയേഴ്സ് ആന്റ് എപ്ലോയീസ് (റെഗുലേഷന്‍) ആക്ട് ഉണ്ടാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ച് നടപടിയെടുക്കും. സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ് മറ്റൊരു ശുപാര്‍ശ. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധായകന്‍ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക. വനിതകള്‍ക്കായി പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment