Newsperseconds.com

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ നിലപാട് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നു; ശക്തമായ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ആഷിഖ് അബു

Untitled 1

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ നിലപാട് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഹൈക്കോടതിയും വിവരാവകാശ കമ്മീഷനും പുറത്ത് വിടാന്‍ പറഞ്ഞിട്ടും പതിനൊന്ന് ഖണ്ഡികളോളം ഒളിപ്പിച്ചു വെച്ചതെന്നും ആഷിഖ് അബു ചോദിച്ചു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധവും അദ്ദേഹം അറിയിച്ചു.

സിനിമാ മേഖലയില്‍ ഇത്തരം കുറ്റകൃത്യം നടക്കുന്നുവെന്ന് വാക്കാല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ചലച്ചിത്രരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ നടന്നപ്പോഴാണ് ഹേമ കമ്മറ്റിയെ നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം സിനിമ മേഖലയിലെ കാര്യങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, പരാതി കേള്‍ക്കാനാണ് സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി എടുക്കണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ആഷിഖ് പറഞ്ഞു.

സര്‍ക്കാരിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ പറ്റിയ അത്രശേഷിയുള്ള ആളുകളാണ് ഇവരെന്ന് ബോധ്യപ്പെടുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. സര്‍ക്കാരിന്റെ മേല്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പറയുകയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സഹായം വേണമെന്ന്. ഇത് പരാജയപ്പെട്ട സര്‍ക്കാരിന്റെ പ്രസ്താവനയാണെന്നും ഇതിനെ ഒരു കുട്ടിക്കളിയുടെ ലാഘവത്തോടെയാണ് കാണുന്നതെന്നും ആഷിഖ് പറഞ്ഞു.

Share this Article

Leave a Comment