തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. കൂടാതെ ആരോപണത്തിന്മേല്‍ സമഗ്രമായ അന്വേഷണം വേണമെന്ന്
സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി ഉണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. അതേ സമയം, സാംസ്‌കാരിക മന്ത്രി സജി ചെറിാന്‍ രഞ്ജിത്തിനെ അനുകൂലിച്ച് സംസാരിച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്. നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.