തൃശൂര്‍: സിനിമാ മേഖലയിലെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായി മറുപടി നല്‍കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മുകേഷ് വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍കത്തകരെയാണ് സുരേഷ്‌ഗോപി പ്രകോപനപരമായി നേരിട്ടത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നില്‍ക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു. പ്രകോപിതനായി സിനിമാ സ്‌റ്റൈലില്‍ ഡയലോഗ് പറഞ്ഞ് പോകാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തില്‍ കണ്ടത്.
മുകേഷ് വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തിയിരുന്നു. രാവിലെ വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നതടക്കമുള്ള ചോദ്യങ്ങള്‍ തിരിച്ചുചോദിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.