കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാ ഭാരവാഹികളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിററി അഡ്‌ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്‌ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ജനറല്‍ സെക്രട്ടറിയുടെ പകരം ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിനായിരുന്നു. എന്നാല്‍ ബാബുരാജിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതിനിടെ പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി നിശ്ചയിച്ച ഭാരവാഹി യോഗം അനിശ്ചിതമായി നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.