കൊച്ചി: എഎംഎംഎ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചതോടെ താരസംഘടനക്ക് പുതിയ കമ്മിറ്റി രൂപീകരിക്കും. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ താരസംഘടനയായ അമ്മയിലെ താരങ്ങളുടെ പേരില്‍ ഗുരുതര ആരോപണമാണ് പുറത്തുവരുന്നത്. അമ്മയുടെ സെക്രട്ടറി സിദ്ധീഖിനെതിരെ വന്ന ലൈംഗാകരോപണത്തിന് പിന്നാലെ നടന് രാജി വെച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്നോ പ്രസിഡന്റ് മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നോ ഇതുവരേയും പ്രതികരണം ഉണ്ടായിരുന്നില്ല. എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുകയായിരുന്നു. മാഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാ ഭാരവാഹികളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗം ഉന്നയിച്ചിരുന്ന ചോദ്യം. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.
എന്നാല്‍ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. നിരപരാധിത്വം ഉറപ്പുണ്ടെങ്കില്‍ മറ്റ് ആരോപണ വിധേയരും ഇതേ രീതി പിന്തുടരണം. നിരപരാധികളെ കൂടി കരിനിഴലില്‍ നിര്‍ത്തുന്നതാണ് നിലവിലെ അവസ്ഥ. ഭാരവാഹികള്‍ ഇതിന് കൂട്ടുനില്‍ക്കരുതെന്നും എഎംഎംഎയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് ഭറണസമിതി പിരിച്ചുവിട്ടുകൊണ്ടുള്ള നീക്കം.
എഎംഎംഎയുടെ പ്രസ് റിലീസ്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.