തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹന്‍ലാല്‍ ഒളിച്ചോടിയിട്ടില്ല. കേരളത്തില്‍ ഇല്ലായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. രണ്ട് തവണ കമ്മിറ്റിയുടെ മുന്നില്‍ പോയിട്ടുണ്ട്. എന്റെ ശരികള്‍ പറഞ്ഞു. മൊത്തം സിനിമയെക്കുറിച്ചാണ് ചോദിച്ചത്. അതിനെപ്പറ്റി പറയാന്‍ പറ്റില്ല. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു. ‘അമ്മ’ എന്നത് ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള അസോസിയേഷന്‍ അല്ല. കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയില്‍ നിന്ന് മാറി നില്‍ക്കാമെന്നത് കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന മേഖലയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകര്‍ന്നാല്‍ ഒരുപാടുപേര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടന വേണം. നിയമനിര്‍മ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ തളര്‍ന്നുപോകുന്നവരാണ് കലാകാരന്മാര്‍. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകര്‍ന്നുപോകരുത്. എനിക്ക് പറയാനുള്ളത് ഇതൊക്കെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.