തിരുവനന്തപുരം: ആരോപണങ്ങളില്‍ ഉറച്ച് നിന്ന് പിവി അന്‍വര്‍ എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആണ് പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കും. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പേടിച്ചെന്നും എലിയായി പേടിച്ചെന്നുമുള്ള വിമര്‍ശനത്തെ അന്‍വര്‍ തള്ളി. എലി അത്ര നിസ്സാര ജീവിയൊന്നുമല്ല. ഒരു വീട്ടില്‍ എലിയുണ്ടെങ്കില്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. എലി അത്ര നിസാര ജീവിയാണെന്ന് താന്‍ കരുതുന്നില്ല. എലിയായാലും പൂച്ചയായാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു.
ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത്. എന്നിട്ട് ആ ഹെഡ് മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?. എഡിജിപിയെ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ എന്ന് അന്‍വര്‍ ചോദിച്ചു. ആ പ്രൊസീജിയര്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഹെഡ്മാസ്റ്റര്‍ ആ കസേരയില്‍ ഇരുന്നിട്ട് പ്യൂണ്‍ അന്വേഷിക്കും എന്ന അഭിപ്രായം തനിക്കില്ല. അതിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊക്കെയുണ്ട്. അവര്‍ പഠിക്കട്ടെയെന്ന് പിവി അന്‍വര്‍ പറഞ്ഞു.