ഗുരുവായൂര്‍: ഗുരുവായൂരില്‍ സെപ്തംബര്‍ എട്ടിന് റെക്കോര്‍ട്ട് വിവാഹങ്ങള്‍. ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോര്‍ഡ് ബുക്കിംഗ്. ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. കേരളത്തിലൊട്ടാകെ സെപ്തംബര്‍ എട്ടിന് നിരവധി കല്ല്യാണമാണുള്ളത്.
ക്ഷേത്രത്തിന് മുന്പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി വ്യക്തമാക്കിയത്. തിരക്കിനെ നിയന്ത്രിക്കാന്‍ പുതിയ തീരുമാനം ഒരു പരിധി വരെ സഹായിക്കുമെന്നാണ് നിരീക്ഷണം. നൂറിലേറെ ഓഡിറ്റോറിയങ്ങള്‍ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഓഡിറ്റോറിയങ്ങള്‍ നല്കാന് ആകാതെ ഉടമകളും കല്യാണ പാര്‍ട്ടികളും ബുദ്ധിമുട്ടുന്നതും ഇവിടെ സാധാരണമാണ്. ക്ഷേത്രത്തിനു മുന്നിലുള്ള നാല് കല്യാണ മണ്ഡപങ്ങളിലാണ് വിവാഹങ്ങള്‍ നടക്കുക. തിരക്കുള്ള സാഹചര്യത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തിലുണ്ട്.