Newsperseconds.com

‘നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’; പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Untitled 1

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ പള്ളികളിലും മദ്രസകളിലും പ്രത്യേക പ്രാര്‍ത്ഥനയും വിപുലമായ പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ കുട്ടികളുടെ ഘോഷയാത്രയും ദഫ്മുട്ടും നടന്നു. പുത്തന്‍ വസ്ത്രങ്ങളിട്ട് കുട്ടികള്‍ ഘോഷയാത്രകളില്‍ മധുരം നല്‍കി പങ്കെടുത്തു.

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള പേരുകളും പ്രവാചകന്‍ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം ലോകത്ത് അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സില്‍ ഇതെ ദിവസം തന്നെയാണ്.

മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉല്‍ അവ്വല്‍ ആരംഭിച്ചാല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസ്സുകള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകള്‍ നബിദിനത്തിന് റാലികളും, മദ്രസകളില്‍ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ അനേക രാജ്യങ്ങളില്‍ റബീഉല്‍ അവ്വല്‍ 12 പൊതു അവധിയാണ്.

Share this Article

Leave a Comment