തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളാമില്ലാതെ ആറാം ദിവസവും. വഞ്ചിയൂര്‍ 82ാം വാര്‍ഡിലാണ് തുടര്‍ച്ചയായി ആറ് ദിവസമായി ജല വിതരണം മുടങ്ങിയത്. ഋഷിമംഗലം റസിഡന്‍സ് അസോസിയേഷനിലാണ് ജല പ്രതിസന്ധിയുണ്ടായത്. അസോസിയേഷനില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നേരത്തെയുണ്ടായ ജല പ്രതിസന്ധിക്ക് ശേഷം രണ്ട് ദിവസം അസോസിയേഷനില്‍ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ വീണ്ടും ജല വിതരണം മുടങ്ങുകയായിരുന്നു. ജല അതോറിറ്റിയെയും വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിനെയും പ്രശ്നം അറിയിച്ച് വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവുമില്ലെന്ന് അസോസിയേഷനിലെ താമസക്കാര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയും ജല വകുപ്പും പരസ്പരം പഴിചാരുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിന് വേണ്ടി കണക്ഷന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏത് വകുപ്പാണ് കണക്ഷന്‍ അനുവദിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.