വയനാട് ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങള്‍ക്കായി സോഷ്യല്‍മീഡിയ ഇന്‍ഫളുവന്‍സേര്‍സ് കൈകോര്‍ക്കുന്നു. വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിന് കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിനായ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഭാഗമാണിത്. ക്യാമ്പയിനിന്റെ ഔദ്യോഗിക വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് പുറത്തിറക്കും. വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ജില്ലയുടെ മനോഹരമായ ഭൂപ്രകൃതിയുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വീഡിയോ അവരുടെ സമൂഹ മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യും. ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള തെറ്റായ പ്രചാരണങ്ങള്‍ വയനാട്ടിലെ വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുകയും ഹോട്ടല്‍ ബുക്കിങ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനും കാരണമായി.
ഉരുള്‍പൊട്ടല്‍ ജില്ലയുടെ ഒരു പ്രദേശത്തെ മാത്രമാണ് ബാധിച്ചത്. എന്നാല്‍, വയനാട് ദുരന്തമെന്ന് പലരും വിശേഷിപ്പിച്ചതിനാല്‍ അത് ജില്ലയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി പ്രവര്‍ത്തനത്തെയാകെ പിന്നോട്ടടിപ്പിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ ക്യാമ്പയിന്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.