Newsperseconds.com

ശ്രീ നാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനം; സാന്ദ്രാനന്ദ സ്വാമിയുടെ വാക്കുകള്‍

Untitled 1

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനുമായ ശ്രീ നാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനമാണിന്ന്. ഗുരുവിന്റെ അവതാര കൃത്യങ്ങള്‍ ചെയ്ത് തീര്‍ത്ത് ശരീരം ഉപേക്ഷിച്ച ദിനം. ഗുരുവിന്റെ മഹിത ദര്‍ശനത്തെയും ഗുരുവിനെയും കാലം ആവശ്യപ്പെട്ടതായിരുന്നു. സോദരത്വേന വാഴാന്‍ സമഗ്രമായ ഒരു മാനവ ദര്‍ശനം ലോകത്തിന് അനിവാര്യമായിരുന്നു. ഇതുപോലൊരു സമഗ്ര ദര്‍ശനം ഇന്ന് വരെ ലോകം കണ്ടിട്ടില്ലായിരുന്നുവെന്ന് ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനത്തില്‍ സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഭൗതികവും ആത്മീയവുമായ ഒത്ത് ചേര്‍ക്കല്‍. ഇനി ഇതുപോലൊന്ന് കാണുമെന്ന് തോന്നുന്നില്ല. അത്രമാത്രം പരിപൂര്‍ണ്ണമായിരുന്നു ഗുരുദര്‍ശനം. മനശാസ്ത്ര പരമായി നാം നമ്മെ വിലയിരുത്തുമ്പോള്‍ മനുഷ്യന്‍ എപ്പോഴും അസ്വസ്ഥനാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വഴുതിമാറി കൊണ്ടിരിക്കുന്നു. മാനവനെ എന്നും ഇരുത്തി ചിന്തിപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. എന്തിനെയാണ് അവന്‍ തേടുന്നത്? ഭൗതീക വാദവും ആത്മീയവാദവും ഇങ്ങനെ രണ്ട് വാദമുഖങ്ങളാണ് നിലനില്‍ക്കുന്നതെന്നും സ്വാമി പറഞ്ഞു.

ഭൗതികവാദികള്‍ കണ്ണു കൊണ്ട് കാണുന്നത് മാത്രം സത്യമെന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഈ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കുന്ന ലോകത്തിനപ്പുറം ഒന്നുണ്ട് എന്ന് അവര്‍ക്ക് അംഗികരിക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ ഈ പഞ്ചേന്ദ്രിയങ്ങള്‍ മാത്രം പോരാ പ്രപഞ്ചത്തെ കാണാനും അനുഭവിക്കാനും എന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? മനസും മനസിനെ പ്രകാശിപ്പിക്കുന്ന ഞാനും വേണമെന്ന് തിരിച്ചറിയാന്‍ കുറച്ച് ഉളളിലോട്ട് തിരിഞ്ഞ് നോക്കണം. എന്നാലും ഈ മനുഷ്യമനസിന് പിടികിട്ടാത്ത, യുക്തിയ്ക് അപ്പുറം നില്‍ക്കുന്ന ചില അനുഭവങ്ങള്‍ നമ്മള്‍ക്ക് ഉണ്ടാകാറുണ്ട്. അതിനെ അംഗികരിക്കാനോ നിരസിക്കാനോ പറ്റാത്ത സന്ദര്‍ഭങ്ങളും ധാരളം ഉണ്ട്. ഈ സന്ദര്‍ഭത്തില്‍ ചിലര്‍ ദൗതീക വാദം ഉപേക്ഷിച്ച് അതിനപ്പുറത്തേയ്ക്ക് കാല്‍ വയ്ക്കുന്നു. അതിനെ വേണമെങ്കില്‍ ആത്മീയമായ അന്വേഷണം തുടങ്ങി എന്ന് പറയാം. ആത്മാവിനെ സംബന്ധിക്കുന്നതാണ് ആത്മീയത, ആത്മാവ് എന്നത് ജാഗ്രത് സ്വപ്നസുഷുപ്തികളെ പ്രകാശിപ്പിക്കുന്ന സാക്ഷിയായ ചൈതന്യമാണെന്നും അദ്ദേഹം പറഞ്ഞു.

യമ നിയമ ആസന പ്രണാമ പ്രത്യാഹാര ധാരണ സമാധിയിലൂടെ ഈ അവസ്ഥയില്‍ എത്തിച്ചേരാമെന്ന് രാജയോഗം പറയുന്നു. ശ്രീനാരായണ ഗുരുദേവന്‍ ഒന്നാം തരം രാജയോഗിയും ആയിരുന്നു. രാജ യോഗത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സിദ്ധികള്‍ സാധകന് ലഭിക്കാറുണ്ട്. ഉത്തമനായ ഗുരുവിന്റെ അഭാവം അയാളെ വഴിതെറ്റിക്കാറുണ്ട്. യോഗികളും ജ്ഞാനികളും ശരീരം ഉപേക്ഷിക്കുമ്പോള്‍ അതിനെ സമാധി എന്നാണ് പറയാറ്. നമ്മള്‍ ഉപയോഗശൂന്യമായ വസ്ത്രമോ വസ്തുക്കളോ ഉപേക്ഷിക്കുന്നതുപോലെ ആണ് അവര്‍ ശരീരത്തെ ഉപേക്ഷിക്കുന്നത്. അജ്ഞാനികള്‍ മരിക്കുന്നു എന്ന് പറയുന്നു. അവര്‍ക്ക് ശരീരത്തെ ഉപേക്ഷിക്കാന്‍ മനസ്സില്ല . അവരുടെ വിചാരം മരിച്ചു പോയാല്‍ എല്ലാം തീര്‍ന്നു എന്ന ഭയം അവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. മഹര്‍ഷിമാര്‍ പറയുന്നത് മനസ്സിലാക്കി നാം മുന്നോട്ട് പോയാല്‍ നമുക്കും ബന്ധനങ്ങളില്ലാതെ സ്വതന്ത്രമായി ഈ ഭൂമിയില്‍ സുഖമായി വാഴും. ഇന്ന് മനുഷ്യരാശി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍ പെട്ട് അശാന്തരായി കൃത കൃത്യതയില്ലാതെ മരിക്കാം.

ജ്ഞാനികളായ മഹാത്മാക്കള്‍ പറയുന്നത് ശ്രീനാരായണ ഗുരുദേവന്റെ സമാധിയാണ് യഥാര്‍ത്ഥ സമാധിയെന്ന്. അതുകൊണ്ട് തന്നെ മഹാ സമാധി എന്ന് പറയുന്നു. ഒരോ പ്രാണനെയും ബോധപൂര്‍വ്വം പിന്‍വലിച്ച് അവസാനം മുഖ്യ പ്രാണനെയും പിന്‍വലിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സമാധി സംഭവിക്കുന്നത്. സാധാരണ സന്യാസിമാര്‍ മരിക്കുമ്പോഴും അവര്‍ സമാധി ആയി എന്ന് പറയാറുണ്ട്. അത് യഥാര്‍ത്ഥ സമാധി അല്ല എന്ന് നാം മനസ്സിലാക്കണം. കന്നി അഞ്ചിന് മൂന്നുമണിയോടെ അടുത്ത സമയത്ത് അന്തേവാസികളായ കുട്ടികളോട് ദൈവദശകം ചൊല്ലാന്‍ പറഞ്ഞു. കുട്ടികള്‍ ഈണത്തില്‍ ദൈവദശകം ചൊല്ലി. ആ സമയം മുഴുവനും ഗുരു ധ്യാനത്തില്‍ ആയിരുന്ന , കണ്ണുകള്‍ അടച്ച് ഇരുന്നതുകൊണ്ട് ആര്‍ക്കും ഒന്നും മനസ്സിലായില്ല. 3.30 ആയപ്പോഴേക്കും ഗുരു പ്രാണനെ ദിവ്യ കളേ ഭരത്തില്‍ നിന്നും വിടുവിച്ചിരുന്നു. ഇവിടെയും ഗുരു ഒരു രഹസ്യ സ്വഭാവം സൂക്ഷിച്ചു. ആര്‍ക്കും ഒന്നും മനസ്സിലാകാതിരിക്കാന്‍ ദൈവദശകം ചൊല്ലലിലേക്ക് എല്ലാവരുടെയും ശ്രദ്ധ മാറ്റി. വേറെ ഒരു പാഠവും മാനവര്‍ക്ക് നല്‍കി. ജീവന്‍ ശരീരത്തില്‍ നിന്ന് വിടുന്നതിനു മുന്‍പ് ആ പരം പൊരുളിന്റെ ഓര്‍മ്മ ഉണ്ടാകാന്‍ ചുറ്റും നില്‍ക്കുന്നവര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന്. അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ശരീരം വിടാന്‍ പോകുന്ന ജീവന് ഈശ്വര സ്മരണയോടെ ശരീരം വിടാം. അത് നല്ലൊരു ജന്മത്തിന് കാരണമാകും അഥവാ മുക്തിക്കും കാരണമാകാമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

അദ്വൈതിയായ ജ്ഞാനീക്ക് ഇങ്ങനെ ഒരു പ്രക്രിയ ആവശ്യമില്ലെന്ന് ഇരിക്കെ ഗുരു ഇപ്രകാരം ചെയ്തത് ചുറ്റുമുള്ള ഭക്തര്‍ക്കും ജിജ്ഞാസുകള്‍ക്കും സത്യാന്വേഷികള്‍ക്കും മാതൃകയാകാന്‍ വേണ്ടിയായിരുന്നു എന്ന് വേണം ഊഹിക്കാന്‍. ഗുരുവിന്റെ മഹാസമാധി ദിനം നാം ആചരിക്കുമ്പോള്‍ രാവിലെ മുതല്‍ ഓം ശ്രീനാരായണ പരമ ഗുരവേ നമ: എന്ന് ദിവ്യ മന്ത്ര ജപവും ഉപവാസവും ആണ് ഉത്തമം. 3.30 വരെ മറ്റ് ചിന്തകളില്ലാതെ ഉപവസിക്കുമ്പോള്‍ ഗുരുവിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതവും ദര്‍ശനവും നമുക്കുവേണ്ടി ആയുസ്സും വപുസും ആത്മസ്സും ബലി അര്‍പ്പിച്ചതിന്റെ മഹിമ നമ്മുടെ ഹൃദയത്തിലൂടെ ആ പരമപദത്തില്‍ ഗുരുവിന്റെ ചാരത്ത് വസിക്കുന്നതിന് അവസരവും ലഭിക്കുന്നു. അടുത്ത് വസിക്കുക എന്നാണ് ഉപവസിക്കുക എന്നതിന്റെ അര്‍ത്ഥം. അങ്ങനെ മനുഷ്യജന്മം കൃതകൃത്യം ആകട്ടെ എന്ന് പ്രത്യാശിക്കുന്നു. ശ്രീനാരായണ സമൂഹത്തെ സംബന്ധിച്ചിടത്തോളം ശിവഗിരി മഠത്തിലെ മഹാസമാധി മന്ദിരത്തിലെ പൂജയാണ് എല്ലാവര്‍ക്കും പ്രധാനമായിരിക്കുന്നത്. അവിടെ എത്തിപ്പെടാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം പേരും . അവരെല്ലാം ദേശത്ത് ആയാലും വിദേശത്തായാലും ഈ പുണ്യ ദിനം വേണ്ടത്ര പ്രാധാന്യത്തോടെ അറിഞ്ഞ് ആചരിക്കുവാന്‍ ശ്രദ്ധിക്കണം. ഏവര്‍ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അരുവിപ്പുറം മഠത്തില്‍ രാവിലെ മുതല്‍ ദേവ കൃതികളുടെ പാരായണവും മന്ത്രജപവും ഉച്ചകഴിഞ്ഞ് മൂന്നര വരെ ഉണ്ടായിരിക്കും.

Share this Article

Leave a Comment