Newsperseconds.com

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍; നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്ട്‌സാപ്പ് സംവിധാനം

Untitled 1

മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്ട്‌സാപ്പ് സംവിധാനം യാഥാര്‍ഥ്യമാകുന്നു. 9446 700 800 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ട പരാതികള്‍ ഇനി പൊതുജനങ്ങള്‍ക്ക് അറിയിക്കാം. കൂടാതെ, പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടാം. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്.

സംസ്ഥാനത്ത് എവിടെ നിന്നും വാട്‌സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയത്. നിര്‍ദിഷ്ട വാട്‌സാപ്പ് നമ്പറില്‍ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍, ഒപ്പം ഫോട്ടോകളും, ലൊക്കേഷന്‍ വിശദാംശങ്ങളും സഹിതം പരാതി അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ലഭ്യമാകും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നിയമലംഘനത്തിന്മേല്‍ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കുന്നതിനും, അത് വഴി ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിനുമാണ്, സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്‌സാപ്പ് നമ്പറുകള്‍ ആണ് നിലവില്‍ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകള്‍ മനസ്സിലാക്കി പരാതികള്‍ അറിയിക്കുക എന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ തയാറാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാട്‌സാപ്പ് നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ പരാതി അറിയിക്കുന്നതിന് 1034 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത്രയും തന്നെ എണ്ണം വാട്‌സാപ്പ് നമ്പറുകള്‍ക്ക് പകരം ഒരു പൊതു സംവിധാനം ഉണ്ടാവുകയും ആ സംവിധാനത്തിന്റെ പ്രചാരണം എളുപ്പത്തില്‍ സാധ്യമാവുകയും ചെയ്യുന്നു.

Share this Article

Leave a Comment