കണ്ണൂര്‍: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. അത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് നാളെ കയ്യില്‍ ലഭിക്കുമെന്നും ഓഫീസില്‍ ചെന്ന ശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോനടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥയ്ക്കു ശേഷം ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ സിപിഐഎം വലിയ തിരിച്ചു വരവ് നടത്തി. അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്ന് വലത് മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാര്‍ എന്നു പറയുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്. അവിടെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാവാം. അവര്‍ക്കുവേണ്ടി വഴങ്ങി കൊടുക്കേണ്ടവരാണോ സര്‍ക്കാര്‍ എന്നുചോദിച്ച മുഖ്യമന്ത്രി അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്ക് നീങ്ങുമെന്നും പറഞ്ഞു.