മലപ്പുറം: വിവാദങ്ങള്‍ക്കിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തനിക്ക് എതിര്‍പ്പ് പാര്‍ട്ടിയോടല്ലെന്നും എതിര്‍പ്പ് ചില പുഴുക്കുത്തുകളോടാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ വിജയിപ്പിക്കാന്‍ അധ്വാനിച്ച പ്രവര്‍ത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണ് നിലമ്പൂരിലെ പ്രവര്‍ത്തകര്‍. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും തന്നില്‍ നിന്ന് ഉണ്ടാവില്ല. വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ലന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല:പി.വി.അന്‍വര്‍’
ഈ തലക്കെട്ടോടെ കൂടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരില്‍ ഒരു വ്യാജ സ്ക്രീന്‍ഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്.
അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍.അതില്‍ ഒരാളെ പോലും തള്ളിപ്പറയാന്‍ എനിക്ക് കഴിയില്ല.അവരോട് അന്നും, ഇന്നും ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അന്‍വറില്‍ നിന്ന് ഉണ്ടാവില്ല.ചില പുഴുക്കളോടെയെ എതിര്‍പ്പുള്ളൂ.പാര്‍ട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജസ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ല.