Newsperseconds.com

‘പിതാവിന്റെ സ്ഥാനത്ത് കണ്ട പിണറായി ചതിച്ചു’; അജിത്കുമാര്‍ നൊട്ടോറിയസ്; പുനരന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രിക്ക് നേരെ വെല്ലുവിളി; നീതി തേടി അന്‍വര്‍ ഹൈക്കോടതിയിലേക്ക്; എണ്ണിയെണ്ണി മറുപടി നല്‍കി പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം

Untitled 1

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് എംഎല്‍എ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം. പിതാവിന്റെ സ്ഥാനത്ത് കണ്ട പിണറായി വിജയന്‍ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. സത്യങ്ങള്‍ പുറത്തെത്തിച്ചതിന് പിന്നാലെ മുഖ്യമന്ത്രി തന്റെ ശത്രുവായി മാറി. താന്‍ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി സമൂഹത്തിന് മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. അത് തനിക്ക് വലിയ ഡാമേജാണ് ഉണ്ടാക്കിയതെന്നും പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അധിക്ഷേപിച്ചു. മുഖ്യമന്ത്രി അങ്ങനെ കടന്ന് പറയേണ്ടിയിരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിച്ച രീതി ശരിയായില്ലെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ സിറ്റിങ്ങ് ജഡ്ജിയെ വെച്ച് പുനരന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും പി.വി അന്‍വര്‍ ചോദിച്ചു. പരസ്യമായാണ് പിവി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളി നടത്തിയത്.

അതേ സമയം, മുഖ്യമന്ത്രിയുടെ വാക്കുകള്‍ പാര്‍ട്ടിയോ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോ തിരുത്താന്‍ ശ്രമിച്ചില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു. എട്ട് വര്‍ഷത്തിനും അപ്പുറം പാര്‍ട്ടിയുമായി ബന്ധമുള്ളതാണ്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി വായിച്ചിട്ടു പോലുമില്ലെന്ന് മനസ്സിലായെന്നും ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തതെന്നും പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും എംവി ഗോവിന്ദനേയും കടുത്ത രീതിയിലാണ് അന്‍വര്‍ വിമര്‍ശിച്ചത്. പി ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു. ഞാന്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമായിട്ടുള്ളൂ എന്നാണ് ചിലരുടെ വിചാരം. യഥാര്‍ഥത്തില്‍ ഡിഐസി കോണ്‍ഗ്രസിലേക്ക് പോയത് മുതല്‍ സിപിഎമ്മുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോ എന്ന് പോലും എനിക്കറിയില്ല. ചിലപ്പോള്‍ അതും സംഭവിക്കാം. അജിത് കുമാര്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ അതും ചെയ്യും. മലപ്പുറം ജില്ലാ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കും. പക്ഷേ ഞാന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറിയോട് ചോദിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. അജിത് കുമാര്‍ എഴുതി കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി വായിക്കുകയാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വിപരീതമായിട്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് ഉന്നയിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരായ പരാതി പാര്‍ട്ടി പൂര്‍ണമായും അവഗണിച്ചുവെന്ന് മനസ്സിലായി. പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദിയെന്നും പിവി അന്‍വര്‍ ആരോപിച്ചു. തന്റെ പരാതികളോട് മുഖ്യമന്ത്രിയും മുഖം തിരിക്കുകയാണ്. അജിത് കുമാര്‍ എഴുതി കൊടുത്ത സ്‌ക്രിപ്റ്റ് ആണ് മുഖ്യമന്ത്രി വായിച്ചത്. സ്വര്‍ണക്കടത്തിനെ മുഖ്യമത്രി ന്യായീകരിക്കാന്‍ നോക്കി. എന്നാല്‍ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രുയുടെ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി അജിത് കുമാറിന്റെ കള്ളക്കഥ മുഴുവന്‍ വിശ്വസിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ പ്രതിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. കേസ് അന്വേഷണം പരിതാപകരമാണ്. പൊലീസ് കാര്യമായി ഒന്നും നടത്തിയില്ല. സ്വര്‍ണക്കടത്ത് കേസില്‍ പലരുമായും സംസാരിച്ചു. താന്‍ നടത്തിയ അന്വേഷണം മുഴുവന്‍ തന്റെ ഫോണില്‍ നിന്നാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇതെല്ലാം കണക്റ്റ് ചെയ്ത് തന്നെ പ്രതിയാക്കാന്‍ നീക്കം ഉണ്ടായതായും എംഎല്‍എ ആരോപിച്ചു.

Share this Article

Leave a Comment