ഷിരൂരിലെ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുനെ കാണാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്കെത്തുന്നത് ആയിരങ്ങള്‍. 75 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. റോഡിലും വഴിയരികിലുമായി അര്‍ജുനെ ഒരു നോക്ക് കാണാന്‍ ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക. അര്‍ജുന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരാണ് കേരളക്കര മുഴുവന്‍. അര്‍ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഓടിയപ്പോള്‍ പാതയുടെ വശങ്ങളില്‍ കണ്ണാടിക്കല്‍ ഗ്രാമം ഒന്നാകെ തടിച്ചുകൂടിയിരുന്നു. കാത്തിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി മനസ്സിനൊരു മുറിവ് തന്ന് അര്‍ജുന്‍ യാത്രയാവുകയാണ്.
ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്.