Newsperseconds.com

ഇഞ്ചോടിഞ്ച് പോരാട്ടം; ഫൈനലില്‍ ഫോട്ടോ ഫിനിഷ്; ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്‍

Untitled 1

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ജലരാജാക്കന്മാരായി കിരീടം ചൂടി കാരിച്ചാല്‍ ചുണ്ടന്‍. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാല്‍ എന്ന ഗ്രാമത്തിലെ ചുണ്ടന്‍ വള്ളമാണ് കാരിച്ചാല്‍ ചുണ്ടന്‍. ഇതോടെ തുടര്‍ച്ചയായി അഞ്ച് തവണ കപ്പ് നേടുന്ന ആദ്യ ക്ലബ്ബായി ചരിത്രം കുറിച്ചിരിക്കുകയാണ് പ്ലാത്തുരുത്തി ബോട്ട് ക്ലബ്. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി മുഹമ്മദ് റിയാസാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പുന്നമടയിലെ കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്.

19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്‍, വീയപുരം ചൂണ്ടന്‍, നടുഭാഗം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍ എന്നിവരാണ് ഫൈനലില്‍ എത്തിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന സംശയത്തില്‍ വള്ളക്കളി പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്നു പുന്നമടയില്‍ നടന്നത്. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്. 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു. കഴിഞ്ഞ തവണ രാജാക്കന്മാരായ വീയപുരം ചുണ്ടനാണ് രണ്ടാമതെത്തിയത്. 2023 ല്‍ വീയപുരം രാജാക്കന്മാരായപ്പോള്‍ തുഴയെറിഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു.

 

Share this Article

Leave a Comment