പാലക്കാട് നടന്ന പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ കത്തിച്ചുവെച്ച വിളക്കില്‍ നിന്ന് തീ ഷാളിന് തീ പടരുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയത്.
വേദിയില്‍ ഗവര്‍ണറുടെ പിന്നില്‍ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയും ചെയ്യുകയായിരുന്നു.