തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചെന്ന് മന്ത്രി എംബി രാജേഷ്. മലപ്പുറത്തെ കളങ്കപ്പെടുത്താന്‍ നടന്ന ശ്രമങ്ങളെ എല്ലാക്കാലത്തും ചെറുത്തുനില്‍ക്കുകയും നെഞ്ചുറപ്പോടെ നേരിടുകയും ചെയ്ത പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി രാജേഷ് പറഞ്ഞു.
വന്‍തോതില്‍ നടക്കുന്ന കള്ളക്കടത്തിനെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. ആ കള്ളക്കടത്ത് സ്വര്‍ണം ഏതു കാര്യത്തിന് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. അല്ലാതെ ഏതെങ്കിലും ജില്ലയെക്കുറിച്ച് അധിക്ഷേപം നടത്തിയിട്ടില്ല. വാക്കുകളെ ബോധപൂര്‍വം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഇപ്പോള്‍ ഈ തിരക്കഥ എവിടെ നിന്നും വന്നു എന്ന് വ്യക്തമാണ്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിര്‍ത്തതെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി. കള്ളക്കടത്തിനെ എതിര്‍ക്കുമ്പോള്‍, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളില്‍ കൊണ്ടുപോയി ചാരുമ്പോള്‍, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താല്‍പ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എംബി രാജേഷ് വിശദീകരിച്ചു.