മലപ്പുറം: മുഖ്യമന്ത്രി ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ആളിക്കത്തുന്നു. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ അത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്തുമെന്നും പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവാനും വേണ്ടിയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഇല്ലെന്നും പി വി അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് പറഞ്ഞു.
‘മുസ്ലിംവിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവില്‍ വന്ന് നാളെ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല’, പി വി അന്‍വര്‍ പറഞ്ഞു.
അതേ സമയം, അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും പി വി അന്‍വര്‍ തള്ളി. മാറുന്ന സിപിഐഎം സമീപനത്തിന്റെ തുടക്കമാണെന്ന് അടിവരയിട്ട് പറയാന്‍ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായി കാണണം. ഒന്നൊന്നര വര്‍ഷമായി അതാണ് കാണാന്‍ സാധിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.