കൊച്ചി: സിനിമാ ലോകത്ത് വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ മലയാളികള്‍ക്ക് സമ്മാനിച്ചത് എക്കാലത്തേയും മികച്ച വില്ലനെ ആയിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ… അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി… ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു… നാളെ അടക്കവും…’ എന്നാണ് അറിയിച്ചത്.
കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ രാജിന്റെ സിനിമാ അരങ്ങേറ്റം. മോഹന്‍ ലാലിന്റെ കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വില്ലനായി മോഹന്‍ രാജ് മാറി. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ തന്നെ അദ്ദേഹം അറിയപ്പെടുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജ് ആകസ്മികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.