റെക്കോര്‍ഡില്‍ മുത്തമിടാന്‍ കുതിച്ചോടി സ്വര്‍ണ്ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഒക്ടോബര്‍ മാസം തുടങ്ങിയതു മുതല്‍ ദിനംപ്രതി വിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇന്ന് പവന് 80 രൂപ കൂടി ഒരു പവന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് മുതല്‍ കുതിപ്പിലാണ് സ്വര്‍ണ വില. ഉന്തിനൊപ്പം ഒരു തള്ള് എന്നതുപോലെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടിയായപ്പോള്‍ വില പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് പോവുകയാണ്. മാസത്തുടക്കം മുതല്‍ ഒരു പവന്റെ വിലയിലുണ്ടായത് 560 രൂപയുടെ വര്‍ധനയാണ്. യുദ്ധഭീതിയും ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും നവംബറില്‍ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണം.