Newsperseconds.com

‘സത്യമേവ ജയതേ…’, ആസൂത്രിതമായി കെട്ടിച്ചമച്ച കേസ്; വലിയ ഗൂഢാലോചന നടന്നു; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രന്‍

Untitled 1

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിധി വന്നതിന് പിന്നാലെ ‘സത്യമേവ ജയതേ…’ എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ കുടുക്കാന്‍ ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസില്‍ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നത് വ്യക്തമാണ്. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളുടേയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

അതേ സമയം, വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം. കേസിന്റെ വിധി വിശദമായി പഠിച്ച ശേഷം അപ്പീല്‍ പോകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശന്‍ പറഞ്ഞു. കോടതിയില്‍ കഴിയാവുന്ന തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു. സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും. മേല്‍ക്കോടതിയില്‍ പോയി ജനങ്ങള്‍ക്ക് മുന്നില്‍ സത്യം തെളിയിക്കുമെന്നും വിവി രമേശന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.

Share this Article

Leave a Comment