Newsperseconds.com

മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍; നവരാത്രി നിറവില്‍ ഭക്തര്‍

Untitled 1

കൊച്ചി: കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമായ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങളും ഭക്തരും. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും. മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം നുകരും.

നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങള്‍ ആണ് ഏറ്റവും വിശേഷം. ഇവ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളില്‍ അറിയപ്പെടുന്നു. സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊര്‍വരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളില്‍ പ്രപഞ്ചനാഥയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങള്‍ എന്ന നിലയില്‍ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്. ദുര്‍ഗ്ഗാ പൂജ, ദസ്‌റ, ആയുധപൂജ, വിദ്യാരംഭം തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു.

വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയില്‍ ഭഗവതിയെ ഉപാസിക്കുന്നവര്‍ക്ക് ഐശ്വര്യവും ആഗ്രഹപൂര്‍ത്തിയും ദുഃഖമോചനവും കാര്യവിജയവും മരണാനന്തരം മോക്ഷവും ഫലം എന്ന് വിശ്വാസം. ശാക്തേയ വിശ്വാസപ്രകാരം ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ മഹാസരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും, സമ്പത്തും സമൃദ്ധിയും, ദുരിതനാശവും ഉണ്ടാകുമെന്നാണ് വിശ്വാസം.

ക്ഷേത്രങ്ങളില്‍ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Share this Article

Leave a Comment