Newsperseconds.com

രജിസ്‌ട്രേഷന്‍ മേഖലയില്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം

Untitled 1

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് രജിസ്‌ടേഷന്‍. സുതാര്യതയും വേഗതയും ഉറപ്പാക്കാന്‍ ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ക്ക് കഴിയും. സമ്പൂര്‍ണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാര്‍ ഹാളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്‌ട്രേഷന്‍ മേഖലയിലെ ഡിജിറ്റല്‍ സേവനങ്ങള്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിര്‍ത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. രജിസ്‌ട്രേഷന്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

രജിസ്ട്രേഷന്‍, റവന്യൂ സര്‍വ്വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോര്‍ട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷന്‍ നടപടികള്‍ സുഗമവും സുതാര്യവുമാകും. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ പോക്ക്വരവ് കൂടി നടത്തി ഭൂമിയുടെ സര്‍വ്വേ സ്‌കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നല്‍കാന്‍ പറ്റുന്ന സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനി മുതല്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ എല്ലാ മൂല്യങ്ങള്‍ക്കുമുള്ള മുദ്രപത്രങ്ങള്‍ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും. ഒപ്പം തന്നെ നിലവില്‍ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാന്‍ സമാന്തരമായി കടലാസു മുദ്രപത്രങ്ങള്‍ 2025 മാര്‍ച്ച് വരെ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മുദ്രപത്രങ്ങള്‍ കടലാസില്‍ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവര്‍ഷം 60 കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നെതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കള്‍ രജിസ്ട്രേഷന്‍ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാന്‍ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്. രജിസ്ട്രേഷന്‍ വകുപ്പില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങള്‍ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ചെറിയ തുകക്കുള്ളതും കൂടി ഈ രീതിയിലേക്ക് മാറും. രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷന്‍ നടത്തി ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂര്‍ത്തിയായി. അവശേഷിക്കുന്ന ജില്ലകളിലും ഉടന്‍തന്നെ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ചിട്ടി രജിസ്ട്രേഷന്‍, വിവാഹ രജിസ്ട്രേഷന്‍ അപേക്ഷ എന്നിങ്ങനെ മിക്കവാറും സേവനങ്ങള്‍ നിലവില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പണമടക്കാന്‍ ഇ-പോസ് സംവിധാനവും വിരലടയാളം പതിക്കാന്‍ ബയോമെട്രിക് സംവിധാനവും ഉടന്‍ നിലവില്‍ വരും

 

Share this Article

Leave a Comment