ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച്ച നടത്തി. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3 , 4 വരിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയതായി മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു.
മുഖ്യമന്ത്രി ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് പുതിയ കൂടിക്കാഴ്ച. സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹ്മാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു.