കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ബാബുവിന്റെ വിയോഗത്തില്‍ അതിയായ ദുഖമുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പിപി ദിവ്യ രാജിക്കത്തില്‍ അറിയിച്ചു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു.
‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. കുടുംബത്തിന്റെ ദുഖത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു’, എന്നാണ് പി പി ദിവ്യയുടെ രാജികത്തില്‍ ഉള്ളത്.