ന്യൂഡല്‍ഹി: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീംകോടതി. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതികരിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അംഗീകരിച്ചത്.
അതേ സമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും സിദ്ദിഖ് അലംഭാവം കാണിച്ചുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രണ്ട് തവണ ഇതിന് ശേഷം ഹാജരായിട്ടും സിദ്ദിഖ് തെളിവുകള്‍ സമര്‍പ്പിച്ചില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.