ശബരിമല തീർഥാടകർക്കായി അയ്യൻ മൊബെെൽ ആപ്ലിക്കേഷൻ. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ അയ്യൻ മൊബെെൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.
പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങളും ഇനി മുതൽ ആപ്പിലൂടെ ലഭ്യമാകും.
പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ശേഖരിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ലഭിക്കുന്നതാണ്.
ഇതിനു പുറമേ, തീർത്ഥാടകരായി എത്തുന്ന അയ്യപ്പൻന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുണ്ട്. അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓൺലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവർത്തിക്കും.
ഇതിനു പുറമേ, പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.