കൊല്ലം: അഷ്ടമുടിക്കായലില്‍ മീന്‍ ചത്തുപൊങ്ങിയ സംഭവത്തിനു പിന്നില്‍ ‘ആല്‍ഗല്‍ ബ്ലൂം’ തന്നെയെന്ന് ആദ്യഘട്ട പരിശോധനാ ഫലം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം എന്നിവ നടത്തിയ പ്രാഥമിക ലാബ് പരിശോധനയിലാണ് സ്ഥിരീകരണം വന്നത്.
കുഫോസ് പരിശോധനയില്‍ വെള്ളത്തിന്റെ സാമ്പിളുകളില്‍ കോളിഫോം ബാക്ടിരിയയുടെ ആധിക്യം കണ്ടെത്തി. എന്നാല്‍ ശുചിമുറി മാലിന്യത്തില്‍ നിന്നുള്ള ഇ കോളി അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ വ്യക്തമാകൂ.
മീനുകള്‍ ചത്തുപൊങ്ങിയ ഇടങ്ങളില്‍ പോഷക അളവ് ഏറെയാണ്. ആരോഗ്യമുള്ള ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തവിധം അമോണിയ, നൈട്രൈറ്റ്, പിഎച്ച്, ലവണാംശം, ഫോസ്ഫറസ്, നൈട്രജന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 0.01 മില്ലിഗ്രാം അമോണിയ വേണ്ടിടത്ത് 0.5 മില്ലിഗ്രാം വരെയാണ് കണ്ടെത്തിയത്. 0.1 പിപിഎം നൈട്രൈറ്റ് വേണ്ടിടത്ത് ഒരു പിപിഎം അടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.